Saturday, 12 October 2024
Sunday, 18 August 2024
സന്തോഷം
ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: "ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്.?"
അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.
ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.
പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.
വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി. അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല..
അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്:
ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു .
അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് !
അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ''നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?" എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു:
"എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം."
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.. അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു "
Saturday, 17 August 2024
സക്കാത്ത്..✨
"എന്താ നിന്റെ പണിയൊക്കെ കഴിഞ്ഞില്ലേ , എന്നാ പിന്നെ നിന്നു പരുങ്ങാതെ ഇജ്ജ് അങ്ങടു പൊയ്ക്കോളിൻ "
മൊയ്തൂട്ടി മാപ്പിള ഇത്തിരി ശബ്ദം കൂട്ടി പറഞ്ഞു .
"ഇക്കാ , എനിക്ക് ഒരു രണ്ടായിരം റുപ്പിക കടമായിട്ട്..."
തലയിലെ തട്ടൻ നേരെയാക്കി കുറച്ചു ജാള്യതയോടെ മൈമുനാ ചോദിച്ചു.
" ഇനിയും പണമോ , എത്രയായി എനിക്ക് തിരിച്ചു തരാൻ.വല്ല കണക്കും ഉണ്ടോ..? ഭർത്താവിന് ചികിത്സ എന്നു പറഞ്ഞു കുറേ വാങ്ങി , അങ്ങേരു മരിച്ചപ്പോൾ അതു ഞാൻ എഴുതി തള്ളി. മോളുടെ ചികിത്സാ , മോന്റെ പഠനം , പിന്നെ മഴക്കാലം, പട്ടിണി , പലിശക്കാർ അതൊക്കെ പറഞ്ഞ് എത്രയായി വാങ്ങിയത. അയ്ഞ്ചിന്റെ തുട്ടുപോലും ഇനി തരില്ല , തിരിച്ചു തരാനുള്ളതിന്റെ പങ്കു കിഴിച്ചിട്ടേ ഇനി കൂലി പോലും തരൂ. അല്ലേലും ഉച്ചയാവുമ്പോ വന്നു ബൈകുന്നേരത്തിനു മുന്നേ പോണ നിനക്ക് എന്തിനാ കൂലി തരണേ .
നിന്റെ സ്ഥാനത്തു പണ്ടേ തന്നെ വേറെ പെണ്ണിനെ നിർത്തേണ്ടതാ ,എന്റെ ബീവിയുടെ നിർബ്ബന്ധം ഒന്നുമാത്രമാണ് നിന്നെ പറഞ്ഞു വിടാത്തത് ."
മൊയ്തൂട്ടി മാപ്പിള കയർത്തുകൊണ്ട് എഴുന്നേറ്റു .
"മോളെ ഡോക്ടറെ ഒന്നു കാട്ടണം , പിന്നെ നാളെ നോമ്പു തുടങ്ങുവല്ലേ ഇന്നു വൈകുന്നേരത്തെ കഞ്ഞിക്കു പോലും ഒന്നും ഇല്ലാ..."
അതു പറയുമ്പോൾ മൈമുനാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
"ഹേയ്, നീ പൊയ്ക്കോ , പോയിട്ടു വേണം എനിക്ക് നിസ്കരിക്കാൻ "
മാപ്പിളയുടെ ക്രൂരമായ വാക്കുകൾ അദ്ധേഹത്തിന്റെ ബീവി അകത്തെ മുറിയിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു .
മൈമുന മുറ്റത്തു കൂടി ഇറങ്ങി നടക്കുമ്പോൾ അവർ പിറകിൽ നിന്നും പതിയെ വിളിച്ചു..
"മൈമുനാ , ഇതു കുറച്ച് അരിയാണ്.. ഇക്ക അറിയേണ്ടാ! ലേശം പോലും മനുഷ്യത്വം ഇല്ലാത്തോനാ ,
നാളെ നോമ്പു തുടങ്ങുവല്ലേ നീ ഇതെങ്കിലും കൊണ്ടുപോയി മക്കൾക്ക് കഞ്ഞി ബച്ച് കൊടുക്ക്, ഇന്നാ ഒരു ഇരുപത് റുപ്പിയയും ഉണ്ട് , എന്റെ കയ്യില് ഇതിൽ കൂടുതൽ ഒന്നുമില്ല നിനക്ക് തരാൻ ." പഴയ ചങ്ങാതിയോട് രഹസ്യമായി പരിഭവം പറയുമ്പോൾ , വർഷങ്ങൾ ഹൃദയങ്ങളെ ഒന്നായി തീർത്ത സൗഹൃദം രണ്ടു മുഖങ്ങളിലും അതുപോലെ തന്നെ തെളിഞ്ഞു കാണാമായിരുന്നു.
" ഉമ്മാ ,നാളെ നോമ്പു തുടങ്ങുവല്ലേ , ഇക്കൊല്ലം മുതൽ ഞാനും നോമ്പെടുക്കണുണ്ടുമ്മാ.."
നിസാമിന്റെ ആകാംഷ നിറഞ്ഞ വാക്കുകൾക്ക് മൈമുന കൈകൊണ്ട് ഒരു എതിർപ്പു പ്രകടിപ്പിച്ചു .
" വേണ്ട മോനേ , ആകെപ്പാടെ നിന്റെ വയറുനിറയണത് പള്ളിക്കൂടത്തിൽ പോകുമ്പോൾ മാത്രമാണ് ,ഉച്ചക്കഞ്ഞിയും കൂടി നീ കഴിക്കാതിരുന്നാൽ ബൈകിട്ട് എന്തു തന്നു ഈ ഉമ്മാ നിന്റെ വയറു നിറക്കും .നീ കുഞ്ഞല്ലേ., അടുത്ത വർഷം തൊട്ട് നോമ്പെടുത്തോ.."
" കഴിഞ്ഞ വർഷവും ഉമ്മാ ഇതു തന്നാ പറഞ്ഞത് , ഇത്തവണ ഞാൻ സമ്മതിക്കില്ല. ഞാനേ ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല, അഞ്ചാം ക്ലാസ്സിലായി ,ദേ എന്റെ മസ്സിൽ കണ്ടില്ലേ ."
കൈമടക്കി പിടിച്ച് നിൽക്കുന്ന അവനെ കണ്ട് ഉമ്മയ്ക്കും ഇത്താത്തയ്ക്കും ചിരി വന്നെങ്കിലും ഉമ്മയുടെ ഖൽബു മുഴുവൻ വിങ്ങലായിരുന്നു. നാളെയെക്കുറിച്ചുള്ള വേവലാതി ആയിരുന്നു...
രാവിലത്തെ നിസ്കാരത്തിനു ശേഷം ഒരു ഗ്ലാസ് കട്ടൻ ചായയുമായി ഉമ്മ നിസാമിന്റെ അടുക്കൽ ചെന്നു .
"ഇന്നാ മോനേ, നീ ഇതു കുടിയ്ക്ക് "
" എനിക്കു വേണ്ട ,
നോമ്പെടുക്കണെന്ന് ഞാൻ നേരു പറഞ്ഞതാണ് "
ചെറു ചിരിയോടെ അവൻ ഉമ്മയോടു പറഞ്ഞു .
അവൻ പതിവുപോലെ സ്കൂളിലേക്കു നടന്നു.. ഉമ്മയുടെ കണ്ണിലൂടെ നോക്കുമ്പോൾ അവന്റെ മുഖത്തിന് നല്ല ക്ഷീണമുണ്ട്.
" ഈ കുട്ടി ഒന്നും കഴിക്കാതെ, എന്താവുമോ എന്തോ ?
ഇന്നാ പെണ്ണേ നീ കഴിക്ക് , നിനക്ക് മരുന്നു കഴിക്കാനുള്ളതാ ,എന്നിട്ടു വേണം എനിക്ക് വേലയ്ക്ക് പോകാൻ ."
കട്ടിലിൽ കിടക്കുന്ന സൈനുവിന്റെ അരികിൽ ഇരുന്ന് ഉമ്മ പറഞ്ഞു.
" ഉമ്മ....... ഞാൻ ചിന്തിക്കുവാ , സത്യത്തിൽ പടച്ചോൻ ഉണ്ടോ !! അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നമുക്കു മാത്രം എന്താ ഈ ഗതിയാക്കി തന്നത്.??
ഒരു അപകടത്തിൽ വാപ്പായെ കൊണ്ടുപോയി , വാപ്പായുടെ സൈക്കിളിന് പിറകിൽ ഇരുന്ന ഞാനും ജീവിത കാലം മുഴുവൻ ഈ കിട്ടലിൽ എഴുന്നേൽക്കാത്ത ശരീരമായി ഇങ്ങനെ , ഒരു നേരം ഭക്ഷണം തരാൻ ഉള്ള ഗതി പോലും നമുക്ക് തരാത്ത പടച്ചോൻ .... സത്യത്തിൽ അങ്ങനെ ഒരാൾ ഇല്ല , അല്ലേ..!!
അതു പറയുമ്പോൾ സൈനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..
"പടച്ചോൻ ഉണ്ട് മോളേ.., നമ്മുടെ കണ്ണുനീരും വേദനയും എല്ലാം അവൻ കാണുന്നുണ്ട് !! ഇതൊക്കെ അവന്റെ പരീക്ഷണങ്ങൾ മാത്രമാണ് , നമുക്കു മുന്നിലും അവൻ വരും .
നിനക്ക് ഇപ്പോൾ സംസാരിക്കാനും, കൈകാലുകൾ ചലിപ്പിക്കാനും ഒക്കെ കഴിയുന്നില്ലേ.!! എല്ലാ നേരവും എന്തെങ്കിലുമൊക്കെ കഴിക്കാനും നമുക്ക് സാധിക്കുന്നില്ലേ. പക്ഷേ അതു പോലും ഇല്ലാത്ത എത്ര പേർ ഈ ലോകത്ത് ഉണ്ട് ."
ഉമ്മ ഇളം പുഞ്ചിരിയോടെ മകളോടു പറഞ്ഞു.
വൈകുന്നേരം ആയപ്പോൾ നിസാം സ്കൂൾവിട്ട് വീട്ടിലെത്തി. അവന്റെ മുഖത്ത് പ്രത്യേകിച്ച് നോമ്പെടുത്തതിന്റെ ക്ഷീണമൊന്നും ഉമ്മയ്ക്ക് കാണുവാൻ കഴിഞ്ഞില്ല .
നോമ്പുതുറ നേരമായപ്പോൾ ഉമ്മ അവന്റെ അടുക്കൽ വന്നു പറഞ്ഞു .
"വേഗം പള്ളിയിലേക്കു ചെല്ല് , ഇന്ന് ഒന്നും കഴിക്കാത്തതല്ലേ.. അവിടെ എന്തെങ്കിലും പലഹാരം കഴിക്കാൻ ഉണ്ടാവും, ഒന്നും ഇല്ലാത്തവനെപ്പോലെ ബഹളം കാട്ടരുത് ,അവർ തരുന്നത് മാത്രം സന്തോഷത്തോടെ വാങ്ങണം..' എന്നിട്ട് അവർക്ക് നന്ദി പറയണം "
" ശരി ഉമ്മാ ,ഞാൻ പോയിട്ട് വരാം "
വിശപ്പിന്റെ വിളികൊണ്ടാണോ എന്നു അറിയില്ല അല്പം വേഗത്തിൽ അവൻ പളളിയിലേക്കു നടന്നു.. പള്ളിയുടെ മുന്നിൽ എത്തിയപ്പോഴേ പത്തിരിയുടേയും കോഴിയിറച്ചിയുടേയും ഗന്ധം അവന്റെ അകത്തേക്ക് ഒഴുകിയെത്തി.. പലരും ഓരോ പൊതിയുമായി പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു .
അവൻ അകത്തേക്കു ചെല്ലുമ്പോഴേയ്ക്കും പൊതികളെല്ലാം ആളുകൾക്ക് കൊടുത്തു , തീർന്നു കഴിഞ്ഞിരുന്നു.
"മോനേ നിസാമേ , ഇജ്ജ് എന്താ ബൈകിയത്. എല്ലാം തീർന്നൂലാ.."
" ഞാൻ ... ഞാൻ ഉമ്മയോട് അല്പം സംസാരിച്ചു നിന്നതാ ,
സാരമില്ല ഉസ്താദേ.. ഞാൻ വീട്ടിൽ പോയി കഴിച്ചോളാം "
നിഷ്കളങ്കമായ ശബ്ദത്തിൽ അവൻ പറഞ്ഞു..
"അനസേ ,നിന്റെ ഒരു പൊതി ഇവനു കൊടുക്കാമോ, നിനക്ക് വീട്ടിൽ പോയിട്ടായാലും കഴിക്കാല്ലോ "
അടുത്തു കൂടി പോയ ഒരു ബാലനോട് ഉസ്താദ് പറഞ്ഞു. അതൊന്നും കേട്ടില്ല എന്ന ഭാവത്തിൽ ആ ബാലൻ വീട്ടിലേക്കു ഓടി..
" നീ ഇവിടെ നിൽക്ക്, എന്റെ പൊരേന്റെ അടുത്തുള്ള അസീക്കാക്കു കൊടുക്കാൻ ഞാൻ ഒരു പൊതി എടുത്തു വച്ചിട്ടുണ്ട് , ഞാൻ അത് എടുത്തു വരാം "
അടുത്തുള്ള ഒരു മേശ വലുപ്പിൽ നിന്നും ഉസ്താദ് ഒരു പൊതിയെടുത്ത് അവനു കൊടുത്തു. അവൻ ഉസ്താദിനെ നോക്കി ചിരിച്ച് , നന്ദി പറഞ്ഞ് പൊതിയുമായി പുറത്തേക്ക് ഇറങ്ങി നടന്നു..
" ശരീരം മരവിക്കുന്നേ , ആരുമില്ലേ ഈ വൃദ്ധന് ഒരു പിടി അന്നം തരാൻ ,എന്റെ ദൈവമേ വിശപ്പിന് ഇത്രയും വേദനയുണ്ടോ .. ഞാൻ ഇപ്പോൾ മരിക്കും..!! ഒരു തുള്ളി, ഒരു തുളളി ആഹാരം "
റോഡിലൂടെ പോകുന്ന പല രൂപങ്ങൾക്കു മുന്നിൽ കരഞ്ഞുകൊണ്ട് കൈ നീട്ടുന്ന ഒരു പ്രായം ഏറെയായ മനുഷ്യനെ അവൻ അവിടെ കണ്ടു.. അവൻ തന്റെ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതി ഒന്നുകൂടി നെഞ്ചോടു ചേർത്തു പിടിച്ചു രണ്ടു മീറ്റർ ദൂരം മുന്നോട്ടു നടന്നു... തിരിഞ്ഞുനോക്കുമ്പോൾ തളർന്നു വീഴാറായ വൃദ്ധന്റെ കണ്ണുകൾ അവനെ തന്നെ വിളിക്കും പോലെ തോന്നി. പതിയെ അവൻ ആ മനുഷ്യന്റെ അരികിൽ എത്തി..
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ അയാളുടെ മുഖം താടിരോമങ്ങൾ നിറഞ്ഞതായിരുന്നു. മുടി ഒരു ഭ്രാന്തനെപ്പോലെ ജഡകൂടിയതായിരുന്നു..
ശരീരം മുഴുവൻ അഴുക്കുപിടിച്ച് ആരു കണ്ടാലും അറയ്ക്കുന്ന രൂപത്തിൽ., അവൻ ആ മനുഷ്യന്റെ അരികിൽ ഇരുന്നു.. തന്റെ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതി തുറന്നു മുന്നിൽ വച്ചു .ഭക്ഷണം കണ്ടപ്പോഴേ ആ വൃദ്ധന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ആർത്തിയോടെ അതിലേക്ക് കൈ അടുപ്പിച്ചിട്ട് അയാൾ അവന്റെ മുഖത്തേക്ക് നോക്കി .
" നോമ്പാണല്ലേ., നീയും എന്നെപ്പോലെ പട്ടിണി ആയിരിക്കും, ബാ നമുക്ക് ഒരുമിച്ച് കഴിക്കാം.."
അയാൾ അവനോടു പറഞ്ഞു.
അവൻ ആ പൊതിയിൽ നിന്നും ഒരു പത്തിരി പേപ്പറിൽ പൊതിഞ്ഞ് കീശയിലാക്കിയിട്ട് പറഞ്ഞു ." ഇത് എന്റെ ഉമ്മായ്ക്കും ഇത്താത്തയ്ക്കും,
എനിക്ക് തരാതെ ഈ ദിനം വരെ അവർ ഒന്നും കഴിച്ചിട്ടില്ല "
" നീ കഴിക്ക് മോനേ..."
ആ വൃദ്ധൻ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.. ഒരു പൊതിയിൽ വീണ രണ്ടു കൈപ്പത്തികളിൽ ഒന്നു വൃത്തിയുള്ളതും, മറ്റൊന്നു അഴുക്കു പൂണ്ടതും ആയിരുന്നു.." ഒന്നു വെളുത്തതും മറ്റൊന്നു കറുത്തതും ആയിരുന്നു... പക്ഷേ, മുഖത്തെ ഭാവങ്ങൾ മുഴുവൻ ആശ്വാസത്തിന്റേത് ആയിരുന്നു... അവിടെ വൃത്തിയെ ആരും അളന്നില്ല , രുചിയെ ആരും തിരഞ്ഞില്ല..
ഭക്ഷണശേഷം നന്ദി സൂചകമായി അയാൾ അവനെ നോക്കി ചിരിച്ചു.. ആ മനുഷ്യനോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്കു പോയി .
" ഉമ്മാ.. ഇന്നാ, ഇതു നിങ്ങൾക്കു വേണ്ടി കൊണ്ടു വന്നതാണ് "
ഏറെ സന്തോഷത്തോടെ കീശയിൽ നിന്നും എടുത്തു ഉമ്മയുടെ മുന്നിലേക്കു നീട്ടി.. ഉമ്മയുടെ മുഖം ഇന്ന് പതിവിലും അധികം സന്തോഷം നിറഞ്ഞതായിരുന്നു.
" നീ പള്ളിയിൽ നിന്നും കഴിച്ചോ..? ഉമ്മാന്റെ മോന്റെ വിശപ്പു മാറിയായിരുന്നോ.."
ഉമ്മ അവന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു..
അവൻ വഴിയിൽ നടന്നതെല്ലാം ഉമ്മയോടും ഇത്താത്തയോടും പറഞ്ഞു .
"എന്താണെന്നറിയില്ല ഉമ്മാ.. ഇന്ന് അൽപം കഴിച്ചപ്പോഴേ വയറു നിറഞ്ഞു.. അതു മാത്രമല്ല.., ഇതുവരെ കഴിക്കാത്ത അത്രയും രുചിയും ആയിരുന്നു "
പ്രസന്നമായ മുഖത്തോടെ നിസാം പറഞ്ഞു..
" നന്നായി മോനേ.., നമുക്ക് ഉള്ളതിൽ നിന്നും അൽപം മറ്റുള്ളവർക്കും കൊടുക്കണം.. ആ നീ പോയി കുളിച്ചിട്ടു വാ... നിനക്ക് വെള്ളേപ്പോം ആട്ടെറച്ചീം തരാം "
ഏറെ സന്തോഷം നിറഞ്ഞ ഉമ്മയുടെ മുഖം കണ്ട് അവൻ അത്ഭുതത്തോടെ തിരക്കി
"എവിടുന്നാണ് ഉമ്മാ..? "
കുറച്ചു നേരം മുന്നേ മൊയ്തൂട്ടി മാപ്പിളയും ബീവിയും ഇവിടെ വന്നിരുന്നു...
"മൈമുനാ..... എന്താണെന്നറിയില്ല..,
നോമ്പുതുറന്നിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്നിട്ട് എന്റെ ഖൽബിന് ഒരു സമാധാനോം ഇല്ലാ... പാത്രത്തിലേക്കു നോക്കുമ്പോൾ അതിലു നിന്റേം പിള്ളേരുടേം കരയണ മുഖങ്ങളാണ്...
ആടും ,കോയിയും എല്ലാം നിറയെ വിളമ്പി വച്ചു.. പക്ഷേങ്കിൽ അതിനെല്ലാം നിന്റെ വിയർപ്പിന്റെ ഗന്ധം പോലെ, അതിലെല്ലാം നിന്റെ കണ്ണുനീർ കലർന്നതു പോലെ. പടച്ചോന്റെ ഓരോരോ ചോദ്യങ്ങൾ ചെവീല് ഇങ്ങനെ മുഴങ്ങുവാ..." മൊയ്തൂട്ടി .. നീ എന്നെ ഓർക്കാറുണ്ടോ..?"
പളളിയിൽ ഒത്തിരി ഭക്ഷണം ഞാൻ കൊടുക്കാറുണ്ട്.. പണവും, പണ്ടവും കൊടുക്കാറുണ്ട്.. പക്ഷേ... അവിടെയെല്ലാം എന്റെ പേരിന്റെ സ്ഥാനം നോട്ടീസ് ബോർഡിൽ ഒന്നാമതാകണം എന്ന ലക്ഷ്യം മാത്രമായിരുന്നു .
നീ എന്നോടു മോളുടെ ചികിൽസക്കും, അന്നത്തിനും വേണ്ടി കുറച്ചു പണം ചോദിച്ചിട്ട് തരാഞ്ഞതും മറ്റാരും പ്രശംസിക്കില്ലല്ലോ എന്ന ചിന്തയായിരിക്കാം.. പക്ഷേ പടച്ചോൻ വന്നു ഓരോ ചോദ്യങ്ങൾ ചോദിച്ചപ്പോൾ എനിക്ക് ഉത്തരങ്ങൾ പറയാനില്ല.. ഇതു നീ ചോദിച്ച പണത്തിന്റെ പത്തിരട്ടി ഉണ്ട്, നോമ്പു മുഴുവൻ ആവശ്യമുള്ള ഭക്ഷണ സാധനങ്ങളും.. ഇനിയും നിന്നെ ഞാൻ സഹായിക്കും ഖൽബറിഞ്ഞു മാത്രം.."
മൊയ്തൂട്ടി മാപ്പിള അതു പറയുമ്പോൾ ശരീരം മുഴുവൻ വെട്ടി വിയർക്കുന്നുണ്ടായിരുന്നു....
" നീ ഇന്നു പകൽ മുഴുവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പലഹാരങ്ങൾ നിനക്കു കൂടി അവകാശപ്പെട്ടതാണ് "
ഈ രണ്ടു പാത്രങ്ങൾ ഇവിടെ ഏൽപ്പിച്ച് അവര് യാത്രയായി...
"മോളേ സൈനു ,നീ രാവിലെ ഉമ്മാനോടു ചോദിച്ചില്ലേ..!! പടച്ചോൻ ഉണ്ടോയെന്ന്, ഇപ്പോൾ നിനക്ക് മനസിലായില്ലേ,
നമ്മുടെ കഷ്ട്ടപ്പാടുകൾ അറിയുന്ന പടച്ചോൻ നമ്മുടെ കൂടെത്തന്നെ ഉണ്ടെന്ന് " ഉമ്മയുടെ വാക്കുകളിൽ നന്ദിയുടെ ഈണം കലർന്നിരുന്നു .
സൈനു ആകാംക്ഷയോടെ ഉമ്മയെ നോക്കി .കയ്യിൽ ഒരു തോർത്തുമായി നിസാം പുറത്തേക്ക് നടന്നു .പെട്ടെന്നു തന്നെ തിരിച്ച് അകത്തേയ്ക്കു കയറി വന്നു...
"അല്ലുമ്മാ.. എനിക്കൊരു സംശയം.. വഴിയിൽ വച്ച് ഞാൻ കണ്ടത് .... നമ്മുടെ പടച്ചോനെ ആയിരിക്കുമോ .....?"
അതു പറയുമ്പോൾ അവന്റെ കുഞ്ഞു ശരീരത്തിലെ ഇളം രോമങ്ങൾ ഉണർന്നെഴുന്നേറ്റു.. ആകാക്ഷയാൽ മൂന്നു ഹൃദയങ്ങളും അതിവേഗത്തിൽ മുഴങ്ങുവാൻ തുടങ്ങി...
Wednesday, 14 August 2024
സ്വാതന്ത്ര്യ ദിനാശംസകൾ
നമ്മുടെ പൂർവ്വീകരായ ആയിരക്കണക്കിന് ധീര ദേശാഭിമാനികള് ജീവന് ബലിയര്പ്പിച്ച് നേടിത്തന്നതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം..🇮🇳 ആ സ്വാതന്ത്ര്യ ഇന്ത്യയുടെ കാവലാളാകുക നമ്മൾ, ഉത്തരവാദിത്വമുള്ള
പൗരന്മായി നാം നമ്മുടെ ഇന്ത്യയെ വർണ്ണാഭമാക്കുക..!! രാജ്യം സ്വാതന്ത്ര്യത്തിന്റെ 77-ം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിനാശംസകള് നേരുന്നു...💕 #IndiaIndependenceDay 🇮🇳