Vallakkadavu Sudheer
Monday, 21 May 2018
നിപ്പാം വൈറസിനെതിരെ...... മുൻ കരുതലെടുക്കാം നമുക്ക്....!!! #നിപ്പാവൈറസ് ( Nipah Flyying Foxes ) 1998 ല്‍ മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത് #നിപ്പാവൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഈ വൈറസ്. ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍: ★വൈറസ് ബാധയുള്ള #വവ്വാലുകളുടെകാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന #കലങ്ങളിൽ_ശേഖരിക്കുന്ന_കള്ള്_ഒഴിവാക്കുക. #വവ്വാലുകൾകടിച്ച ചാമ്പങ്ങ Peraykka - പേരയ്ക്ക #മാങ്ങ പോലുള്ള #കായ്ഫലങ്ങൾ_ഒഴിവാക്കുക..!! ★രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍: രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. ★രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ioslation wardല്‍ പ്രവേശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക. സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക. ★നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രീതികള്‍: കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകള്‍ ഉപയോഗിക്കുക. രോഗി, രോഗ ചികില്‍സക്കു പയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക. നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക. രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്. ★സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം : മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗികേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന N 95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്. കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക. അണുനാശികാരികളായ Chlorhexidine അല്ലെങ്കില്‍ alcohol അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍ (Hand sanitizer, ഉദാ:- Savlon) കൊണ്ട് ശുശ്രൂഷയ്ക് ശേഷം കൈ കഴുകാവുന്നതാണ്. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്. ??രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്. കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്. ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാര്‍ഗങ്ങളും വിവരിച്ചു എന്ന് മാത്രം. ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ നമുക്ക് കരുതല്‍ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങള്‍ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങള്‍ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം ...!! (കടപ്പാട് ) : നിപ്പാ വൈറസിനെക്കുറിച്ച് ഡോ.അരുണ്‍ മംഗലത്ത്, ഡോ.അഞ്ജിത് ഉണ്ണി,ഡോ.മുഹമ്മദ് അബ്ദുള്‍ ലത്തീഫ്, ഡോ.ജിനേഷ് പി.എസ് എന്നിവരുടെ കുറിപ്പുകൾ..
Sunday, 20 May 2018
ഒരു റമസാന്‍ കൂടി സമാഗതമായിരിക്കുന്നു. ക്രമരഹിതമായ ദിനരാത്രങ്ങള്‍ക്കും പല ലക്ഷ്യങ്ങളുമായി സ്വയം മറന്നോടിയിരുന്ന ജീവിതയാത്രക്കും ഒരു പരിധി വരെ അവധി പ്രഖ്യാപിച്ച് വ്യവസ്ഥാപിതമായും ചിട്ടയോടെയും മുന്നോട്ടുപോകാന്‍ മനുഷ്യന് കഴിയുമെന്ന തിരിച്ചറിവുകളാണ് ഓരോ നോമ്പ് കാലവും അവശേഷിപ്പിക്കുന്നത്. ഒരു നോമ്പുകാലം മുതല്‍ അടുത്ത റമസാന്‍ വരെയുള്ള ജീവിതത്തെ ‘ഒരു മാസത്തെ ദിനരാത്രങ്ങള്‍ ശുദ്ധീകരിച്ചിരുന്നു’ എന്ന പ്രവാചകാനുചരന്മാരുടെ സാക്ഷ്യത്തെ അറിഞ്ഞുള്‍ക്കൊണ്ടവരാണ് നാം. എന്നാല്‍ എന്ത്‌കൊണ്ട് അവരെപ്പോലെ നമ്മുടെ ജീവിതത്തെയും പരിശുദ്ധമാക്കാന്‍ റമസാനിന്റെ ദിനരാത്രങ്ങള്‍ ഉപയുക്തമാവുന്നില്ല എന്നതാണ് സ്വയം വിലയിരുത്തേണ്ടത്. മലക്കുകളെപ്പോലെ സ്രഷ്ടാവിന്റെ നിയമങ്ങളില്‍ നിന്ന് പുറത്ത് കടക്കാതെ, നന്മകളില്‍ മാത്രം മുഴുകുന്നവരല്ല മനുഷ്യര്‍. മൃഗങ്ങളെ പോലെ ഭൗതിക തൃഷ്ണയില്‍ അഭിരമിച്ച് നിയമരഹിതമായ ജീവിതം നയിക്കുന്നവരുമല്ല അവര്‍. മറിച്ച് നന്മ ചെയ്ത് ഉത്തമനാവാനും തിന്മ ചെയ്ത് അധമരില്‍ അധമരാവാനും കഴിയുന്ന തരത്തിലാണ് അവന്റെ ജീവിത ഘടന. ഇവിടെ, തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം വ്യക്തിയുടേത് തന്നെയാണ്. കേവലമായ മനുഷ്യായുസ്സിലെ സുഖഭോഗങ്ങളാസ്വദിച്ച് പരലോകം നഷ്ടപ്പെടുത്തണോ, അതോ ശാശ്വതമായ പാരത്രിക ജീവിതത്തിന് വേണ്ടി ഇഹലോകത്തെ ചിട്ടപ്പെടുത്തണോ എന്നതാണ് സ്വയം തീരുമാനിക്കേണ്ടത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ പറ്റിയ സമയമാണ് റമസാന്‍. തിന്മയുടെ പ്രചാരകനായ പിശാചിനെ ബന്ധനസ്ഥനാക്കുമെന്ന സ്രഷ്ടാവിന്റെ വാഗ്ദാനം വെറുമൊരു ഭംഗിവാക്കല്ല എന്നതിന് നമ്മുടെ വീടും പരിസരവും സുഹൃദ് വലയവുമെല്ലാം സാക്ഷിയാണ്. തീര്‍ച്ചയായും റമസാന്‍ തെറ്റുകളില്‍ നിന്നകന്ന് നില്‍ക്കാന്‍ ഏറ്റവും യോജിച്ച സമയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്’ (ഖുര്‍ആന്‍ 2:183). എന്ന വിശുദ്ധ വചനം അതാണ് ഓര്‍മിപ്പിക്കുന്നത്. അസഹിഷ്ണുതയും വെറുപ്പും കൊടികുത്തി വാഴുന്ന സ്ഥിതിവിശേഷമാണുള്ളത്. സ്വന്തം കക്ഷികളും പാര്‍ട്ടികളും മതവുമല്ലാത്ത ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ജനസമൂഹം അഭൂതപൂര്‍വമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന വിദ്വേഷങ്ങളുടെ പ്രയോക്താക്കളോ പ്രചാരകരോ ആയി സത്യവിശ്വാസി ഒരിക്കലും മാറിക്കൂടാ. നന്മക്ക് ഇരട്ടിക്കിരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസത്തില്‍ പരമാവധി സല്‍കര്‍മങ്ങള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനുപകരം അനന്തകാലം നീണ്ടുനില്‍ക്കുന്ന അധമ വികാരങ്ങളുടെ പ്രചാരകരായി സ്വയം മാറിപ്പോകുന്ന സമൂഹ മാധ്യമങ്ങളിലെ തിന്മയുടെ പക്ഷത്ത് നിന്നകന്ന് നന്മയുടെ ഒരു തുരുത്തെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയണം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയ ഭോഗാദികളെ നിയന്ത്രിച്ചുനിര്‍ത്തല്‍ മാത്രമല്ല വ്രതം എന്ന് പുണ്യ നബി (സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. ‘ചീത്ത വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് അല്ലാഹുവിന് ആവശ്യമില്ല’ എന്ന പ്രവാചക വചനം അക്കാര്യമാണ് നമ്മെ ഉണര്‍ത്തുന്നത്. അങ്ങിനെ കെട്ടിപ്പടുക്കുന്ന നന്മയുടെ കൊച്ചു കൊച്ചു തുരുത്തുകള്‍ കൂടിച്ചേര്‍ന്നാണ് വലിയ തീരങ്ങളും രാജ്യങ്ങളും രൂപപ്പെടുക. അത്തരം നന്മകളുടെ സ്രഷ്ടാക്കളാവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണം. അതിന് ഏറ്റവും അനുകൂലമായ സമയമാണ് റമസാന്‍. പരസ്പരം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകരം നല്‍കുന്ന മാസം. ജീവിത വിശുദ്ധിയിലേക്കുള്ള സമ്പൂര്‍ണ യാത്രയാണ് റമസാനില്‍ ആരംഭിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ദോഷങ്ങള്‍ കലരാതെ ആഹാരത്തിലും മറ്റ് ജീവിത സുഖഭോഗങ്ങളിലും സൂക്ഷ്മത പാലിച്ചുകൊണ്ട് ജാഗ്രതയുള്ള ജീവിതം തുടങ്ങിവെക്കുകയാണ്. തന്റേതെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാകുന്നു എന്ന പരസ്യ പ്രഖ്യാപനമാണിത്. ആത്മാവ് തൊട്ടറിയുന്ന ആരാധന. വിശപ്പും ദാഹവും ശരീരത്തിലേല്‍ക്കുമ്പോള്‍ എത്ര സുഖലാസ്യത്തില്‍ മയങ്ങുന്നവനും അല്ലാഹുവിനെ ഓര്‍ക്കാതിരിക്കില്ല. അതോടൊപ്പം ലോകത്ത് പട്ടിണി കിടക്കുന്നവനെയും സുഖസൗഭാഗ്യങ്ങള്‍ നിഷേധിക്കപ്പെട്ടവനെയും തിരിച്ചറിയാന്‍ മനസ്സ് പാകപ്പെടുന്നു. അതുകൊണ്ട് വിശുദ്ധ റമസാനില്‍ ജീവിക്കാന്‍ കഴിഞ്ഞ വിശ്വാസിയോളം ഭാഗ്യശാലിയായി മറ്റാരുണ്ട്. ഒരൊറ്റ രാത്രികൊണ്ട് പുണ്യങ്ങളുടെ ആയിരം മാസങ്ങളെ മറികടക്കാനാവുന്ന മഹത്വമുണ്ട് റമസാനിലെ അവസാന പത്തിന്റെ ഒറ്റ രാവുകള്‍ക്ക്. ഏത് ഇരുട്ടിലും ദുരിതപൂര്‍ണമായ ജീവിത വഴികളിലും മനുഷ്യന് വെളിച്ചം കിട്ടുന്ന സര്‍വലോകത്തിനും സര്‍വകാലത്തിനും സര്‍വ ജനതക്കുമായി അല്ലാഹു നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നതില്‍പരം മഹത്വമായി മാനവ ചരിത്രത്തില്‍ മറ്റൊന്നില്ല. സത്യത്തിന്റെ വിജയമാണ് റമസാന്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) അല്ലാവിന്റെ സന്ദേശത്തെ ലോകത്തിന് നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഗോത്ര മഹിമയുടെയും സമ്പത്തിന്റെയും അധീശത്വത്തിന്റെയും ബലത്തില്‍ വന്‍ സന്നാഹങ്ങളുമായി അക്രമിച്ച് തകര്‍ക്കാനായിരുന്നു ശത്രുക്കളൊരുമ്പെട്ടത്. പക്ഷേ അംഗസംഖ്യയില്‍ കുറവായ അനുചരന്മാരുമായി ചെന്ന് പതിന്മടങ്ങ് ശേഷിയുള്ള എതിര്‍ ചേരിയോട് പൊരുതി ജയിക്കാന്‍ അല്ലാഹുവിന്റെ സഹായമിറങ്ങിയ ബദര്‍ സംഭവിച്ചത് ഈ വിശുദ്ധ മാസത്തിലായിരുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയുടെയും പ്രാര്‍ത്ഥനയുടെയും വിജയമായിരുന്നു. അധികാരമോ സമ്പത്തോ ആയുധ ശക്തിയോ ഉപയോഗിച്ച് മഹത്തായ ഒരാദര്‍ശത്തെ തകര്‍ക്കാനാവില്ലെന്നും പ്രതിസന്ധികള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ പതറാതെ നിന്നാല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നും ബദര്‍ ഓര്‍മിപ്പിക്കുന്നു. ഐക്യ ശക്തിയും ആദര്‍ശ പ്രതിബദ്ധതയും അല്ലാഹുവിലുള്ള അര്‍പ്പണവുമാണ് വിശ്വാസി സമൂഹം നയിക്കുന്ന ധര്‍മയുദ്ധങ്ങളുടെ വിജയ നിദാനം. അതൊരിക്കലും മറ്റൊരു ജനതക്ക് ഭീഷണിയുയര്‍ത്താനോ അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനോ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതം വരുത്തുന്നതിനോ അല്ല; മറിച്ച് ജനതയെ സല്‍പാന്ഥാവിലേക്ക് നയിക്കുന്നതിനും അവരില്‍ ജീവിത നന്മകളെ ഉദ്ദീപിപ്പിക്കുന്നതിനുമാണ്. പരസ്പരമുള്ള ഗുണകാംക്ഷയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമായി റസൂല്‍ തിരുമേനി (സ) ചൂണ്ടിക്കാട്ടുന്നത്. അതിനുപയുക്തമാകുന്ന കാലമാണ് വിശുദ്ധ റമസാന്‍. മനുഷ്യന്റെ എല്ലാ തെറ്റുകുറ്റങ്ങളും പടച്ചവന്‍ പൊറുത്തു കൊടുക്കുന്ന ഈ മാസത്തില്‍ മനുഷ്യര്‍ പരസ്പരമുള്ള വിരോധങ്ങളും പിണക്കങ്ങളും ക്ഷമിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സൂക്ഷ്മതയാണ് റമസാന്‍. ഐക്യവും സമാധാനവും സൃഷ്ടിക്കുന്ന വാക്കുകളും പ്രവൃത്തികളുമുണ്ടാകണം. സമൂഹത്തില്‍ ഭിന്നതയും അപകീര്‍ത്തിയും ദുരാചാരങ്ങളും തിന്മയും സൃഷ്ടിക്കുന്നതിന് ഒരാളും നിമിത്തമാകരുത്. സമൂഹ മാധ്യമങ്ങളും മറ്റുംവഴി പരദൂഷണവും അപവാദവും പ്രചരിപ്പിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കണം. നോമ്പ് കാലം വൈവിധ്യമായ ഭക്ഷണത്തിന്റെ ആഘോഷവും ധൂര്‍ത്തുമാക്കുന്നതിന് പകരം എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അതേസമയം ദുര്‍ബലരെയും ദരിദ്രരെയും ഉദാരമായ സഹായിക്കണം. നാടിന്റെയും സമൂഹത്തിന്റെയും നന്മക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുക. ആരാധനകളിലും വിശ്വാസത്തിലും വീഴ്ച പറ്റാത്തവിധം സൂക്ഷ്മത പുലര്‍ത്തി പാരത്രിക വിജയം നേടാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും ഈ പുണ്യ റമസാന്‍ പ്രയോജനപ്പെടട്ടെ. #RAMALAN_MUBARAK... 🍁
ജന ഹൃദയങ്ങളിൽ ജീവിക്കുന്നു രാജീവ്ജി....'' ഇന്ത്യയുടെ സ്വപ്നം പെലിഞ്ഞിട്ട് ഇരുപത്തിമൂന്ന് വർഷം......!!
‹
›
Home
View web version